മസ്ക്കറ്റ്: ഒമാനില്‍ പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ മലയാളി ജീവനക്കാരനായുള്ള പോലീസ് അന്വേഷണം തുടരുന്നു. അക്രമണം നടന്ന പമ്പിലും പരിസങ്ങളിലും പോലീസെത്തി തെളിവെടുത്തു.

മസ്കറ്റില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സനീനയില്‍ അല്‍ മഹാ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ജോണ്‍ ഫിലിപ്പിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘംആളുകള്‍ തട്ടികൊണ്ടുപോയത്. പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെയായിരുന്നു സംഭവം. 

കേസന്വേഷിക്കുന്ന ഹഫീത്ത് പോലീസ് അക്രമണം നടന്ന പമ്പിലും പരിസങ്ങളിലുമെത്തി തെളിവെടുത്തു. പമ്പിലെയും തൊട്ടടുത്ത കടയിലെയും കളക്ഷന്‍ തുകയായ 5000 റിയാല്‍ നഷ്ടപെട്ടിട്ടുണ്ടെന്ന് ഒമാന്‍ പോലീസ് വ്യക്തമാക്കി.. ഓഫീസ് മുറിയില്‍ പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളില്ലെങ്കിലും തറയില്‍ ടിഷ്യൂ പേപര്‍ ഉപയോഗിച്ച് രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി കാമറകളുടെ ഹാര്‍ഡിസ്കും നഷ്ടമായതിനാല്‍ ആസൂത്രിത കവര്‍ച്ചയെന്നാണ് പോലീസ് നിഗമനം. 

സ്വദേശി ജീവനക്കാരന്‍ റംസാന്‍ പ്രമാണിച്ച് അവധി ആയതിനാല്‍ കോട്ടയം സ്വദേശിയായ ജോണ്‍ മാത്രമാണ് രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്. പരിശോധനകളുടെയും തെളിവെടുപ്പിന്‍റെയും ഭാഗമായി പെട്രോള്‍ പമ്പ് അടച്ചിട്ടിരിക്കുകയാണ്. ഇതിനു തൊട്ടടുത്തുള്ള ജോണിന്‍റെ താമസസ്ഥലത്തും പോലീസ് പരിശോധന നടത്തി. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിന്‍റെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടില്‍ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ജോണ്‍ ഫിലിപ്പിന്‍റെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.