കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയായില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം.ഇന്നലെ രാത്രിയില്‍ സബ്ബ്‌വേ റസ്‌റ്റോറന്റിനു സമീപത്ത്‌വച്ചായിരുന്നു സംഭവം.

രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് തൃശ്‌നാഗപള്ളി സ്വദേശി സിബ്ബറാജിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്ത് വാഹനം ദേഹത്തുക്കൂടെ ഓടിച്ച് കയറ്റി കടന്നതിന് പിന്നാലെയാണ് അബ്ബാസിയായില്‍ തന്നെ വീണ്ടുമൊരു സംഭവം. ഇന്നലെ വൈകുനേരം സബ്ബവേ റസ്‌റ്റോറന്റിന്റെ സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള പള്ളിയിലേക്ക് പോകുകയായിരുന്ന കോട്ടയം കുറിച്ചി സ്വദേശി ലിബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പൗരത്വരഹിതരായിട്ടുള്ളവര്‍, അതായത്, ബിദൂദികള്‍ എന്നറിയപ്പെടുന്നവരിലെ കൗമാര്‍ക്കാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ആക്രമണത്തിനിരയായവര്‍ പറയുന്നത്.

പതിനായിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ഇവിടെ സമീപകാലത്തായി സ്ത്രീകള്‍ അടക്കമുള്ളവരുടെ ബാഗ് പിടിച്ച് പറിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്, ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടങ്കില്ലും, അതിലെല്ലാം ഉപരിയായി ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നത് സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയുമാണ്.