Asianet News MalayalamAsianet News Malayalam

മലയാളി നഴ്‍സ് രാജസ്ഥാനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Malayali nurse death
Author
First Published Jun 13, 2017, 11:41 PM IST

രാജസ്ഥാനിലെ കരോളിയില്‍  മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റപ്പുഴ സ്വദേശി ശ്യാമയാണ് മരിച്ചത്. സഹപാഠിയായിരുന്ന യുവാവിന്‍റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് അധ്യാപികയായിരുന്ന തിരുവല്ല കുറ്റപ്പുഴ സ്വദേശി ശ്യാമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ്പൂരില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരോളി എന്ന സ്ഥലത്തുവെച്ചാണ് ശ്യാമ മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കരോളി പൊലീസ് തിരുവല്ലയിലുള്ള വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു.

നഴ്സിംഗ് പഠന കാലത്ത് ശ്യാമയുടെ സഹപാഠിയായിരുന്ന വിഷ്ണു ഗുരുജറിന്‍റെ വീട്ടിലാണ് ശ്യാമയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശ്യാമയുടെ വീട്ടുകാര്‍ക്കറിയില്ല.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ശ്യാമ ബിഎസ്‍സി നഴ്സിംഗ് പഠിച്ചത്. ഇവിടെ ശ്യാമയുടെ സഹപാഠിയായിരുന്നു വിഷ്ണു ഗുരുജര്‍. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് ശ്യാമയുടെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ഡിംസബറിലാണ് ജയ്പൂരില്‍ ജോലിക്കായി ഇരുപത്തിയഞ്ചുകാരിയായ ശ്യാമ പോകുന്നത്. പിന്നീട് നാട്ടിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് അവധിയെടുത്ത് പോയതായി വീട്ടുകാര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ അമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച ശ്യാമ രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

കുറ്റപ്പുഴ സ്വദേശി പ്രകാശിന്‍റെയും ഹോമിയോ ഡോക്ടറായ സരോജത്തിന്‍റെയും മകളാണ് ശ്യാമ. പ്രകാശനും ബന്ധുക്കളും കരോളിയിലേക്ക് തിരിച്ചു.

Follow Us:
Download App:
  • android
  • ios