മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റ് മലയാളി നഴ്‌സ് മരിച്ചു. അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ടാണ് മരിച്ചത്. ഇവര്‍ ഗര്‍ഭിണി ആയിരുന്നു. ബദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരിയാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു. 

ഭര്‍ത്താവിനൊപ്പം സലാലയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു ചിക്കു. ഇവര്‍ ഗര്‍ഭിണി ആയിരുന്നു. ഭര്‍ത്താവും ചിക്കുവും ഒരേ ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. രാത്രി 10 മണിക്കാണ് ചിക്കുവിന്റെ ഡ്യൂട്ടി ആരംഭിക്കുന്നത്. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക സൂചനകള്‍. ചിക്കുവിന്റെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.