തട്ടിപ്പ് നടത്തിയത് ആലപ്പുഴ സ്വദേശി യുവതി നാട്ടിലേക്ക് മുങ്ങി പതിന്നാല് കോടി രൂപ തട്ടിച്ചു

ദില്ലി: ദില്ലിയില്‍ ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി നാട്ടിലേക്ക് മുങ്ങി. പതിനാല് കോടി രൂപ ഇവര്‍ തട്ടിയെടുത്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തരേന്ത്യക്കാര്‍ അടക്കം നിരവിധി പേരെയാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്. മലയാളികളടക്കം ഇരുന്നൂറിലധികം പേരെ കബളിപ്പിച്ചാണ് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ജോളിയമ്മ സിബിച്ചന്‍ നാട്ടിലേക്ക് മുങ്ങിയത്.

ഓഖ് ലയിലെ ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപ്ത്രിയില്‍ നഴ്സായിരുന്നു ജോളിയമ്മ സിബിച്ചന്‍. ഒന്‍പത് വര്ഷത്തോളം ദില്ലിയില്‍ സ്ഥിരതാമസമായിരുന്ന യുവതി മാന്യമായ പെരുമാറ്റത്തിലൂടെ മലയാളികളും ഉത്തരേന്ത്യന്‍ സ്വദേശികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു.ഈ സൗഹൃർദം മുതലെടുത്താണ് 200ലധികം പേരെ ചിട്ടിയില്‍ ചേര്‍ത്തത്. പത്ത് ലക്ഷത്തിന്‍റേയും ഇരുപത് ലക്ഷത്തിന്‍റേയും മാസ ചിട്ടികളായിരുന്നു ഇവര്‍ നടത്തിയിരുന്നത്.

ചിട്ടി നടത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും പണം നല്‍കിയില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ജോളിയമ്മ ദില്ലി വിടുകയും ചെയ്തു. ഇടപാടുകരുടെ പരാതിയില്‍ ദില്ലിയിലെ സരിതാ വിഹാര്‍ പൊലീസ് ജോളിയമ്മക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.