വൈദികന്റെ കൊലപാതകം: പ്രതിയായ കപ്യാര്‍ പിടിയില്‍

First Published 2, Mar 2018, 1:40 PM IST
malayatoor murder
Highlights
  • മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി: മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണി പിടിയിലായി. 

മലയാറ്റൂര്‍ അടിവാരത്തിനടുത്തുള്ള വനത്തില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കായി പോലീസും വനവകുപ്പും വനത്തില്‍ തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെ ഉച്ചയ്ക്ക് ഒന്നേ കാലോടെ വനാതിര്‍ത്തിയിലുള്ള പന്നിഫാമിന് അടുത്തു നിന്ന് ഇയാളെ പിടികൂടിയത്. 

പിടിയിലാവുമ്പോള്‍ ഇയാള്‍ അവശനിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി മുഴുവന്‍  കാട്ടില്‍ അലയുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പിടിയിലായ ജോണിയെ വനത്തിനുള്ളില്‍ വച്ച് പെരുമ്പാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. അല്‍പസമയത്തിനുള്ളില്‍ ഇയാളെ പുറത്തേക്ക് കൊണ്ടു വരും എന്നാണ് വിവരം. വൈദികനോടുള്ള മുന്‍വൈര്യാഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം. 

മലയാറ്റൂര്‍ കുരിശുമലപാതയില്‍ ആറാം സ്ഥലത്ത് വച്ച് ഇന്നലെയാണ് പ്രതി ജോണി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ വൈദികനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

loader