Asianet News MalayalamAsianet News Malayalam

വിവാഹ വാഗ്ദാനം നൽകി, നാട്ടിൽ പോയ കാമുകൻ തിരിച്ചുവന്നില്ല; മലേഷ്യൻ യുവതി ഇന്ത്യയിൽ

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ് മേനക (34) ആണ് വെല്ലൂർ സ്വദേശിയായ ബസുവരാജിനെ (32) തേടി തമിഴ്നാട്ടിലെത്തിയത്. ഒരാഴ്ച്ചയോളം ബസുവരാജിന്റെ കുടുംബവുമായി മേനക സംസാരിച്ചെങ്കിലും ബസുവരാജിനെ കാണാൻ കുടുംബം അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു

Malaysian woman came to Tamil Nadu searching for her lover
Author
Tamil Nadu, First Published Nov 6, 2018, 7:48 PM IST

ചെന്നൈ: കാണാതായ കാമുകനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യൻ യുവതി തമിഴ്നാട്ടിൽ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ് മേനക (34)ആണ് വെല്ലൂർ സ്വദേശിയായ ബസുവരാജിനെ (32) തേടി തമിഴ്നാട്ടിലെത്തിയത്. ഒരാഴ്ച്ചയോളം ബസുവരാജിന്റെ കുടുംബവുമായി മേനക സംസാരിച്ചെങ്കിലും ബസുവരാജിനെ കാണാൻ കുടുംബം അനുവദിക്കുന്നില്ലെന്ന് യുവതി പറയുന്നു.

സെപ്തംബർ 31നാണ് മലേഷ്യയിലെ ജോഹറിൽനിന്നും മേനക തിരുപ്പത്തൂരിലെത്തിയത്. ബസുവരാജുമായുള്ള വിവാഹത്തെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കാനാണ് മേനക എത്തിയത്. എന്നാൽ വീട്ടിലെത്തിയ മേനകയെ കുടുംബക്കാർ ചേർന്ന് ഒാടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.  

രണ്ടു കുട്ടികളുടെ അമ്മയായ മേനകയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഫേസ്ബുക് വഴി പരിചയത്തിലായ മേനകയും ബസുവരാജും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. സിംഗപ്പൂരിൽ ജോലി ചെയ്യുകയായിരുന്ന ഇരുവരും പിന്നീട് ഒന്നിച്ച് താമസ‌ിക്കാനും തുടങ്ങി.ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. ഈ സമയത്ത് വിവാഹം കഴിക്കാമെന്ന് ബസുവരാജ് വാഗ്ദാനം നൽകിയതായി യുവതി പറയുന്നു. സിംഗപ്പൂരിൽ കെട്ടിട നിർമ്മാണ മേഖലയിലെ ജീവനക്കാരനായിരുന്നു ബസുവരാജ്.     

സെപ്തംബർ 14നാണ് ബസുവരാജ് നാട്ടിലേക്ക് മടങ്ങിയത്. ബന്ധുക്കൾ വിവാഹത്തിന് നിർബന്ധിക്കുന്നതിനാൽ നാട്ടിലേക്ക് പോകുന്നുവെന്നാണ്  പറഞ്ഞിരുന്നത്. ഗ്രാമത്തിലെ ആചാരം പ്രകാരം വിവാഹം കഴിക്കുമെന്നും അതിനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ബസുവരാജാണ് ഗ്രാമത്തിലെ മേൽവിലാസം നൽകിയത്.  
  
താനുമായുള്ള ബന്ധം ബസുവരാജിന്റെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും ഇടയ്ക്ക് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും മേനക പറഞ്ഞു. ബന്ധുകൾ അന്നൊന്നും അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ലെന്നും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും എന്നാൽ നേരിട്ടെത്തിയപ്പോൾ നിലപാട് മാറ്റിയെന്നും മേനക വ്യക്തമാക്കി.

രണ്ടാഴ്ചത്തെ ടൂറിസ്റ്റ് വിസയിലാണ് മേനക ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ 27 വരെ ബസുവരാജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. ബസുവരാജ് എവിടെയാണെന്ന് അറിയില്ല. അയാൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മേനക പറയുന്നു. വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് ബസുവരാജിനെ കാണാൻ അവസരമൊരുക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios