തിരൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപെട്ട കേസില്‍ രണ്ട് പേര്‍ പൊലീസിന്‍റെ പിടിയിലായി. വ്യാപാരിയായ ഹംസയെ, ബുധനാഴ്ചയാണ്  കോയമ്പത്തൂരില്‍ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയത്.

മലപ്പുറം: തിരൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപെട്ട കേസില്‍ രണ്ട് പേര്‍ പൊലീസിന്‍റെ പിടിയിലായി. വ്യാപാരിയായ ഹംസയെ, ബുധനാഴ്ചയാണ് കോയമ്പത്തൂരില്‍ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയത്.

താനൂര്‍ സ്വദേശി നൗഫല്‍, കാക്കഞ്ചേരി സ്വദേശി ഷെമീര്‍ എന്നിവരാണ് തിരൂരില്‍ പൊലീസിന്‍റെ പിടിയിലായത്. ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.വ്യാപാരിയായ ഹംസയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍. മോചനദ്രവ്യം ആവശ്യപെട്ടാണ് ക്വട്ടേഷൻ സംഘം ബുധനാഴ്ച്ച വ്യാപാരിയായ ഹംസയെ തട്ടിക്കൊണ്ട് പോയത്. 

തട്ടിക്കൊണ്ടുപോയവര്‍ അറിയച്ചതനുസരിച്ച് വീട്ടുകാര്‍ അന്ന് രാത്രിതന്നെ പത്ത് ലക്ഷം രൂപ നൗഫലിനും ഷെമീറിനും നല്‍കിയെങ്കിലും മോചനദ്രവ്യമായി നാല്‍പ്പത് ലക്ഷം രൂപ വേണമെന്നായി ക്വട്ടേഷൻ സംഘത്തിന്‍റെ ആവശ്യം.ഇതോടെ വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.പൊലീസ് അന്വേഷണം തുടങ്ങിയതോടെ പരാതി പിൻവലിക്കണമെന്ന് ഭീഷണിപെടുത്തി ഹംസയെ സംഘം വിട്ടയച്ചു.

തട്ടിക്കൊണ്ടുപോയത് മൂന്ന് മലയാളികളും അഞ്ച് ഇതരസംസ്ഥാനക്കാരും അടക്കം എട്ടംഗസംഘമാണെന്ന് ഹംസ പൊലീസിന് മൊഴി നല്‍കി.സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്നും വാഹനം വിട്ടുതന്നില്ലെന്നെന്നും ഹംസ പരാതിപെട്ടു.കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ക്വട്ടേഷൻ ഇടപാടുകള്‍ക്ക് നൗഫലും ഷെമീറും സ്ഥിരമായി ഉപയോഗിക്കാറുള്ള ആഡംബരവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.