ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളിയായ സിവില്‍ എഞ്ചിനീയറെ, ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു. പത്തനംതിട്ട സ്വദേശിയായ അമിത് നായരാണ് മരിച്ചത്. രാവിലെ ജയ്പൂരിലെ വീട്ടിലെത്തി ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭാര്യ മമത ചൗധരിയെ ബലമായി പിടിച്ചുകൊണ്ടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ദുരഭിമാനകൊലയാണെന്നാണ് പൊലീസ് നിഗമനം.
മാതാപിതാക്കളോടോപ്പം വര്‍ഷങ്ങളായി ജയ്പൂരിലാണ് അമിത് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ജയ്പൂര്‍ സ്വദേശിനി മമത ചൗധരിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് മമത വിവാഹത്തിന് സമ്മതിച്ചത്. വിവാഹ ശേഷം ഭാര്യാവീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയുമായി മാത്രം മമത ഇടയക്ക് ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. മമത അഞ്ച് മാസം ഗര്‍ഭിണിയൊണെന്ന് അറിഞ്ഞതോടെ കാണാനെത്തുമെന്ന് അമ്മ അറിയിച്ചു.
തുടര്‍ന്ന് രാവിലെ ഏഴ് മണിയോടെ അച്ഛന്‍ ജീവന്‍ റാം ചൗധരി, അമ്മ ഭഗ്‌വാനി ചൗധരി എന്നിവര്‍ മറ്റ് രണ്ടു പേരോടെപ്പം വീട്ടിലെത്തി. ആ സമയത്ത് ഉറങ്ങുകയായിരുന്ന അമിത് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ സംഘത്തിലുണ്ടായിരുന്നയാള്‍ നാല് തവണ നിറയൊഴിച്ചു.മമതയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു. പ്രതികള്‍ നാല് പേരും ഒളിവിലാണ്.മമതയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തെ കുറിച്ച് സഹോദരന് വിവരമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
