കോല്‍ക്കത്ത: ആധാറിനെതിരെ സുപ്രീംകോടതിയിൽ വ്യക്തിപരമായി ഹര്‍ജി നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പാര്‍ലമെന്‍റ് നിയമത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മമതയുടെ ഈ നീക്കം. ആധാ‍ർ രാജ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് സുബ്രമണ്യൻ സ്വാമി കുറ്റപ്പെടുത്തി

ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ മൊബൈൽ ഫോണ്‍ വിഛേദിക്കാൻ കേന്ദ്രത്തെ വെല്ലുവിളിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് കടുപ്പിക്കുകയാണ്. കേന്ദ്ര സ‍ര്‍ക്കാര്‍ പാസാക്കിയ ഒരു നിയമത്തെ ചോദ്യം ചെയ്ത് സംസ്ഥാന മുഖ്യമന്ത്രി വ്യക്തിപരമായി സുപ്രീം കോടതിയിലെത്തുന്ന അസാധാരണ നീക്കമാണ് ഇന്ന് മമത പ്രഖ്യാപിച്ചത്. ആധാറിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് പശ്ചിമബംഗാൾ സര്‍ക്കാര്‍ നൽകിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പാര്‍ലമെന്‍റ് നിയമത്തെ ചോദ്യം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ വരുന്നത് ഉചിതമല്ലെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വ്യക്തിപരമായി നിയമപോരാട്ടം നടത്താൻ മമത തീരുമാനിച്ചത്. 

ആധാര്‍ വിഷയത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാനം വാദം കേൾക്കൽ തുടങ്ങുന്ന പശ്ചാത്തലത്തിൽ മമതയുടെ ഹര്‍ജിയും ഭരണഘടനാ ബെഞ്ചിന് പോകാനാണ് സാധ്യത. സാമൂഹ്യ പദ്ധതികൾക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാൽ പശ്ചിമബംഗാളിൽ നിരവധിപേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്നാണ് മമത ബാനര്‍ജിയുടെ വാദം. എന്നാൽ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുകയാണ് മമതയെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇതിനിടെ ആധാർ രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തു നല്കും. സുപ്രീം കോടതി ആധാർ റദ്ദാക്കുമെന്ന് ഉറപ്പാണെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.