കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ടോള്‍ പ്ലാസയില്‍ സൈനികര്‍ നിലയുറപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധം. പോലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറിയേറ്റിന് പുറത്തെ അതീവസുരക്ഷാ മേഖലയിലുള്ള ടോള്‍ പ്ലാസയില്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനായി താന്‍ രാത്രിയും സെക്രട്ടറിയേറ്റില്‍ തന്നെ തുടരുമെന്നും മമത വ്യക്തമാക്കി.
സംസ്‌ഥാന സർക്കാരിനോട് ആലോചിക്കാതെ ടോൾ പ്ലാസകളിൽ സൈന്യത്തെ വിന്യസിച്ച കേന്ദ്രസർക്കാർ രാജ്യത്ത് അടിയന്തരാവസ്‌ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് മമത പറഞ്ഞു. എന്താണ് സംഭവച്ചതെന്ന് അറിയില്ല. സൈന്യം മോക് ഡ്രിൽ നടത്തിയാലും അത് സംസ്‌ഥാനത്തെ അറിയിക്കാറുണ്ട്. സൈന്യത്തെ വിന്യസിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് എഴുതുമെന്നും അവർ പറഞ്ഞു.
ഫെഡറൽ സംവിധാനത്തിനു നേർക്കുള്ള ആക്രമണമാണിത്. ഗൗരവുമുള്ളതും കേട്ടുകേൾവിയില്ലാത്തതുമായ സംഭവമാണിതെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ദേശീയ പാത രണ്ടിലെ രണ്ട് ടോൾ പ്ലാസകളിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്
