നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് വഴി പൊളിച്ചതെന്ന ആരോപണവുമായി മാമുക്കോയ രംഗത്തെത്തി.

പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ച് മാറ്റിയത്. രാവിലയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കയ്യേറ്റം ഒഴിപ്പിച്ച് റോഡ് വീതിക്കൂട്ടല്‍ നടപടി തുടങ്ങിയത്. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് വഴി പൊളിച്ചതെന്നും തന്‍റെ വീട്ടിലേക്കുള്ള വഴി പണിതത് കയ്യേറിയിട്ടല്ലെന്നും മാമുക്കോയ വ്യക്തമാക്കി. കോര്‍പ്പറേഷന്‍റെ നടപടിക്കെതിരെ നിയമ നടപടി വേണോയെന്ന് പിന്നീട് തീരുമാനിക്കും. മാമുക്കോയ്‍ക്ക് പുറമെ പ്രദേശത്തെ വ്യാപാരികളും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി.നിയമാനുസൃതമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം. മീഞ്ചന്ത മുതല്‍ ബേപ്പൂര്‍ വരെയുള്ള ആറു കിലോമീറ്റര്‍ റോഡ് വീതികൂട്ടല്‍ തുടരുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.