വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മകനെ തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍ കിഴക്കന്‍ ദില്ലിയിലെ ഹസൻപൂർ ഗ്രാമത്തിലെ മധു വിഹാറിലാണ് സംഭവം

ദില്ലി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ നാലുവയസ്സുകാരനായ മകനെ തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍. 26 കാരനായ ശിവകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കിഴക്കന്‍ ദില്ലിയിലെ ഹസൻപൂർ ഗ്രാമത്തിലെ മധു വിഹാറിലാണ് സംഭവം. 

ജൂണ്‍ പതിനാറിനാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്. മകനെ കാണാനില്ലെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടിയും ശിവ് കുമാറും കൊണാട്ട് പ്ലേസില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ശിവ് കുമാറിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ അമ്മയെ ഏല്‍പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളില്‍ കുട്ടിയെ രക്ഷപ്പെടുതിയെന്ന് പൊലീസ് പറഞ്ഞു.

യുവതിയെ വിവാഹം കഴിക്കാന്‍ പ്രതി ആഗ്രഹിച്ചിരുന്നതായും വിവാഹത്തിന് യുവതി സമ്മതിക്കാത്തതാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ഇയാളെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈദ് ആശംസിക്കാനെന്ന വ്യാജേന യുവതിയുടെ വീട്ടിലെത്തുകയും ഇവര്‍ മുറിയില്‍നിന്നു മാറിയ സമയത്ത് കുട്ടിയെ തട്ടിയെടുത്ത് ഓടിപ്പോവുകയുമായിരുന്നു. ഇയാള നേരത്തെ കുട്ടിക്ക് പരിചയമുണ്ടായിരുന്നത് തട്ടികൊണ്ടുപോകാന്‍ സഹായകമായിയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോവുക വഴി യുവതിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും ശിവ് പറഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് പങ്കജ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.