മുംബൈ: അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പിൽ സമ്മതമില്ലാതെ വീട്ടമ്മയെ ചേർത്ത ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബം​ഗാൾ സ്വദേശി മുസ്താഖ് അലി ഷെയ്ഖ് (24)ആണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിൾ എക്സ്എക്സ്എക്സ് (Triple XXX) എന്ന് ​ഗ്രൂപ്പിലാണ് യുവതിയെ അം​ഗമായി ചേർത്തത്.

സെപ്തംബറിലാണ് ത്രിപ്പിൾ എക്സ്എക്സ്എക്സ് എന്ന ​ഗ്രൂപ്പിൽ അം​ഗമായി വീട്ടമ്മയുടെ നമ്പർ ചേർത്തത്. സുഹൃത്തുക്കൾ പറ്റിച്ച പണിയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ നിമിഷനേരത്തിനുള്ളിൽ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ​ഗ്രൂപ്പിൽ വരാൻ തുടങ്ങിയതോടെ യുവതി അം​ഗങ്ങളുടെ നമ്പർ പരിശോധിച്ചു. ​അഡ്മിനടക്കം 12 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരാരും തന്നെ യുവതിക്ക് പരിചയമുള്ളവരായിരുന്നില്ല. തുടർന്ന് ഇതുസംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ മാരുതി ഷെൽഖെ പറഞ്ഞു. 

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ​ഗ്രൂപ്പ് അഡ്മിനായുള്ള തെരച്ചിൽ ശക്തമാക്കി. ശേഷം വെസ്റ്റ് ബം​ഗാളിൽനിന്നുമാണ് ​ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കണ്ടെത്തുകയും ഗ്രൂപ്പ് അഡ്മിനായ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈയിലെ ധാരാവിയിൽനിന്നുമാണ് ഷെയ്ഖിനെ പിടികൂടിയത്.  ഇയാൾക്കെതിരെ ഐടി ആക്റ്റ്  67,67-എ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയുടെ മൊബൈൽ ഫോൺ വിദ​ഗ്ദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. 

ഐടി ആക്റ്റ് 2000 പ്രകാരം, ഒരാൾ ആദ്യമായാണ് ഇത്തരം കേസിൽ പ്രതിയാകുന്നതെങ്കിൽ മിനിമം അഞ്ച് വർഷം വരെ തടവ് ലഭിക്കും. എന്നാൽ അയാൾ വീണ്ടും ഇതേ കേസുകളിൽ പ്രതിയാകുകയാണെങ്കിൽ ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.