ന്യൂഡല്‍ഹി: മലയാളിയെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ചു. രോഹിണിയില്‍ താമസക്കാരായ തിരുവില്വാമല കൈപ്പഞ്ചേരി മുരളീധന്‍റെയും തമിഴ്‌നാട് സ്വദേശിനി ജി ഷാമിലിയുടെയും സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിക്കായിരുന്നു സംഭവം. 

നോയ്ഡയിലെ കമ്പനികളിലാണ് മുരളീധരനും ഷാമിലിയും ജോലി ചെയ്യുന്നത്. ഇരുവരും വൈകീട്ട് കാറില്‍ രോഹിണിയിലേക്ക് മടങ്ങുംവഴി കശ്മീരി ഗേറ്റ് പോലീസ് ബൂത്തിന് സമീപമെത്തിയപ്പോള്‍ വാഹനം കേടായി. കാര്‍ ഓടിച്ചിരുന്ന മുരളീധരന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുമ്പോള്‍ രണ്ടുപേര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പോലീസിന് പരാതി നല്‍കി.

കാശ്മീരി ഗേറ്റ് പോലീസ് ബൂത്തിന് സമീപമാണ് കവര്‍ച്ച നടന്നത്.ഷാമിലിയുടെ നാല് പവന്‍ താലിമാല, രണ്ടായിരം രൂപ, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. മുരളീധരന്‍റെ 5000 രൂപ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ നഷ്ടപ്പെട്ടു. സംഭവത്തില്‍ സിവില്‍ ലൈന്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.