കുമിളി: ഒരു മാസം മുമ്പ് ബൈക്കില്‍ അര കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായി ജാമ്യത്തിറങ്ങിയയാളെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി വീണ്ടും ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റ് ചെയ്തു. പാലക്കാട്, മണ്ണാര്‍ക്കാട് ഷോളയൂര്‍ മോഹനവിലാസത്തില്‍ സുബിന്‍ ബാബു ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസിലെത്തിയ ഇയാള്‍ ബോഡിമെട്ടിലിറങ്ങി ചെക്‌പോസ്റ്റിലൂടെ നടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. കൊച്ചിയില്‍ എ സി മെക്കാനിക്കായി ജോലി ചെയ്യുന്ന സുബിന്‍ ബാബുവിനെയും സുഹൃത്ത് ഒറ്റപ്പാലം സ്വദേശി ജംഷീദ് (23)നെയും ഫെബ്രുവരി 17നാണ് 500 ഗ്രാം കഞ്ചാവുമായി ബോഡിമെട്ടില്‍ ആദ്യം പിടികൂടിയത്.  കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം വീണ്ടും കഞ്ചാവ് വാങ്ങാന്‍ ബസില്‍ തമിഴ്‌നാട്ടിലെ കമ്പത്തേക്ക് പോയി എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മുന്‍പും കഞ്ചാവ് കേസിലുള്‍പ്പെട്ടതിനാലും ഒരു കിലോഗ്രാമിലധികം കഞ്ചാവ് കൈവശം വച്ചതിനാലും ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.