മലപ്പുറം: തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജയചന്ദ്രന്‍ അറസ്റ്റിലായി. ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് 15 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ജയചന്ദ്രനെതിരെയുള്ള കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

ജ്വല്ലറി ഉടമയായ ജയചന്ദ്രന്‍ മുങ്ങിയതോടെ തട്ടിപ്പിനിരയായ എണ്ണായിരത്തോളം ആളുകള്‍ ജയചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ ബാഹുല്യം കാരണം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ തന്നെ സ്ഥാപിച്ചാണ് അന്ന് നിക്ഷേപകരുടെ പരാതി സ്വീകരിച്ചിരുന്നത്. ജ്വല്ലറിയുടെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് ജയചന്ദ്രന്‍ പണം വാങ്ങിയത്.എട്ട് ഡയറക്ടര്‍മാര്‍ അടങ്ങിയ കമ്പനി രൂപീകരിച്ചായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ വര്‍ഷം ജയചന്ദ്രന്‍ മുങ്ങിയതോടെയാണ് പണം നഷ്ടപെട്ട വിവരം നിക്ഷേപകര്‍ അറിഞ്ഞത്.ഇടനിലക്കാരായ നൂറുകണക്കിന് ഏജന്റുമാരും ഈ തട്ടിപ്പില്‍ ബലിയാടുകളായി. പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ലഭിച്ച പരാതികള്‍മാത്രം ഏതാണ്ട് പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പുണ്ട്.

 തട്ടിച്ചെടുത്ത പണം കൊണ്ട് ജയചന്ദന്‍ ബംഗളുരു,തിരൂര്‍,താനൂര്‍ എന്നിവിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ഭൂമികളും കെട്ടിടങ്ങളും വാങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രമേ തട്ടിപ്പിന്റെ മുഴുവന്‍ കാര്യങ്ങളും വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു