കോഴിക്കോട്:തീവണ്ടിയിലെ പരിശോധനയ്ക്കിടെ കോഴിക്കോട് നിന്ന് സ്വര്‍ണ്ണം പിടികൂടി. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച് കിലോയില്‍ അധികം സ്വര്‍ണ്ണമാണ് പിടികൂടിയത്. നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. വള, കമ്മല്‍, മോതിരം, മാല തുടങ്ങിയവ രേഖകളില്ലാതെ മുംബൈയില്‍ നിന്ന് കൊണ്ട് വരികയായിരുന്നു. അഞ്ച് കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. മുംബൈ സ്വദേശിയായ രാജു കോഴിക്കോട്ട് അറസ്റ്റിലായി. തൃശൂരിലേയും എറണാകുളത്തേയും ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് വന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

പിടികൂടിയ സ്വര്‍ണ്ണം ആര്‍.പി.എഫ്, ഡി.ആര്‍.ഐക്ക് കൈമാറി. ഏതൊക്കെ ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് ആഭരണങ്ങള്‍ കടത്തിയതെന്ന് ഡി.ആര്‍.ഐ അന്വേഷിക്കും. നികുതി വെട്ടിച്ച് തീവണ്ടി വഴി വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിരോധിത പുകയില ഉത്പന്നങ്ങളും തീവണ്ടി വഴി കേരളത്തില്‍ എത്തിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്.