ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. 22കാരനായ ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയ സലീം ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചു നടന്ന ബൈക്ക് റാലിക്ക് നേരെയുണ്ടായ കല്ലേറും ആക്രമണവുമാണ് വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചത്.

'കാസ്ഗഞ്ചില്‍ തുണിക്കട നടത്തുന്നയാളാണു സലീം. വര്‍ഗീയ സംഘര്‍ഷത്തിനിടെ സലീം വീടിന്റെ മുകളില്‍ നിന്നോ ആണ് ബാല്‍ക്കണിയില്‍ നിന്നോ ഇയാള്‍ ചന്ദന്‍ ഗുപ്തയക്ക് നേരെ വെടിവച്ചതാണെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ചന്ദന്‍ ഗുപ്തയുടെ ദേഹത്ത് നിന്ന് ലഭിച്ച വെടിയുണ്ടകളും രണ്ട് ദിവസം മുന്നേ കാസ്ഗഞ്ചില്‍ നിന്നും പിടിച്ചെടുത്ത തോക്കുകളും പരിശോധിക്കുകയാണെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

നിലവില്‍ സലീമിനെതിരെ മറ്റു ക്രിമിനല്‍ കേസുകളില്ലെന്നാണു വിവരം. സലീമിന്റെ രണ്ടു സഹോദരങ്ങളും കൊലപാതക സമയത്തു സ്ഥലത്തുണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. യുപിയില്‍ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചു നടന്ന ബൈക്ക് റാലിക്കു നേരെയുണ്ടായ കല്ലേറും ആക്രമണവുമാണു കലാപമായി മാറിയത്. ബൈക്ക് റാലിയില്‍ പങ്കെടുത്ത മകനെ ആക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നെന്നാണു ചന്ദന്‍ ഗുപ്തയുടെ പിതാവ് പറയുന്നത്.

അതേസമയം, കലാപത്തില്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ച രാഹുല്‍ ഉപാധ്യായ എന്ന യുവ മാധ്യമപ്രവര്‍ത്തകന്‍ പൊലീസ് സ്‌റ്റേഷനില്‍ ജീവനോടെ തിരിച്ചെത്തി. താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും സ്‌റ്റേഷനിലെത്തി ഇയാള്‍ മൊഴി നല്‍കി. ഇതിനിടെ, കാസ്ഗഞ്ചിലുണ്ടായ വര്‍ഗീയസംഘര്‍ഷം സംബന്ധിച്ചു സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ടു 118 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേരെ ജയിലിലടച്ചു.