അടിമാലി: പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇടുക്കി വെള്ളത്തൂവലിലെ മുക്കുടത്താണ് സംഭവം. ഇയാളുടെ രണ്ട് മക്കളില്‍ ഇളയവളായ പെണ്‍കുട്ടിയെയാണ് ഒരു വര്‍ഷമായി പിതാവ് പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി പരിശോധനക്കെത്തിയപ്പോഴാണ് സംഭവം പുറത്താകുന്നത്. 

പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്നു ഡോക്ടറുടെ പരിശോധനയില്‍ മനസിലാക്കി. തുടര്‍ന്ന്‌ ഗൈനക്കോളജിസ്റ്റ് അടിമാലി സി.ഐക്കു വിവരം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിട്ടും ഉപദ്രവിച്ചയാളെക്കുറിച്ചുള്ള വിവരം ലഭിച്ചില്ല. ഇന്നലെ രാവിലെ മാതാവിന്‍റെയും അധ്യാപികമാരുടെയും സാന്നിധ്യത്തില്‍ വനിതാ പോലീസാണ് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. 

ഇതോടെയാണ് ഒരു വര്‍ഷമായിതുടരുന്ന പീഡനകഥ പുറത്തായത്. തന്നെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഒരു വര്‍ഷം മുന്‍പു വരെ പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്നാണ് പഠനം നടത്തിയിരുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ പിതാവ് വീട്ടിലേക്കു പോയി. അടിമാലി സി.ഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് ഇയാളുടെ വീട്ടിലെത്തി. 

ആത്മഹത്യയ്‌ക്കൊരുങ്ങിയ ഇയാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അഞ്ചാംമൈലിനു മുകളിലുള്ള വനമേഖലയിലേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. ദേവികുളം മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയില്‍നിന്നു രഹസ്യമൊഴിയെടുത്തു.