പാലക്കാട്: പാലക്കാട് പട്ടാപ്പകൽ പൂട്ടിയിട്ട വീട് തുറന്ന് 20 പവൻ സ്വർണ്ണാഭരണങ്ങളും, 44000 രൂപയും കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. രായന്നൂർ സ്വദേശി സുരേഷിനെയാണ് തമിഴ്നാട്ടിലെ കുംബകോണത്തു നിന്നും പോലിസ് കസ്റ്റഡിയിലെടുത്തു. ഈ മാസം പതിനൊന്നാം തിയ്യതിയാണ് കളവ് നടന്നത്. 

പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കാറ്ററിംഗ് സർവ്വീസ് നടത്തുന്ന അബ്ദുൾ ജലീലിന്റെ വിദ്യുത് നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. അബ്ദുൾ ജലീലിന്റെ കാറ്ററിംഗ് തൊഴിലാളിയാണ് സുരേഷ്. ആറു മാസം മുമ്പ് പത്രപരസ്യം കണ്ടാണ് സുരേഷ് ജോലിക്കു ചേർന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. 

വീട്ടുകാരുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച സുരേഷ് വീടിന്റെ താക്കോൽ വെക്കുന്ന സ്ഥലവും കണ്ടു വെച്ചു. പതിനൊന്നാം തിയ്യതി വീട്ടുകാർ ഉച്ചക്ക് മെഡിക്കൽ കോളേജിൽ ഭക്ഷണമെത്തിക്കാൻ പോയ സമയം കൂടെ ഉണ്ടായിരുന്ന സുരേഷ് തനിക്ക് സുഖമില്ലെന്നും റൂമിലേക്ക് പോകുന്നുവെന്നും പറഞ്ഞു പോയി. എന്നാൽ സുരേഷ് നേരെ ജലീലിന്റെ വീട്ടിലെത്തുകയും ഒളിപ്പിച്ചു വെച്ച താക്കോലെടുത്ത് വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും മോഷ്ടിക്കുകയും, അലമാരയും, വീടും പഴയപടി പൂട്ടി വെക്കുകയും ചെയ്തു. 

ശേഷം നാട്ടിലേക്ക് പോയ സുരേഷ് തനിക്ക് സുഖമില്ലെന്നും നാട്ടിലേക്ക് പോവുകയാണെന്നും മുതലാളിയെ വിളിച്ചു പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞു ഒരു വിവാഹത്തിനു പോകുവാൻ സ്വർണ്ണാഭരണങ്ങൾ നോക്കിയപ്പോഴാണ് കളവ് നടന്നത് അറിഞ്ഞത്. ഉടൻ ടൗൺ നോർത്ത് പോലീസിൽ പരാതി നൽകി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ സമയം സുരേഷിനെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇയാളുടെ കാമുകിയെ കണ്ടെത്തുകയും, സുരേഷിനെ കുംബകോണത്തിനടുത്ത് ഒരു ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷണ മുതലുകൾ സൂലൂരിലുള്ള കാമുകിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെയും ടൗൺ നോർത്ത് എസ്ഐ ആര്‍. ശിവശങ്കരന്റെയും നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.