തൃശ്ശൂര്‍: മാല പൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്ന സാമൂഹിക വിരുതനെ ഈസ്റ്റ് പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് പോലീസ് പിടിയിലായത്. യുവാവ് മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 20ഓളം സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഞരമ്പുരോഗിയാണെന്ന് പോലീസിന് വ്യക്തമായി. ഇയാളെ റിമാന്‍ഡ് ചെയ്തു.
തൃശ്ശൂര്‍ വിമല കോളേജ് പരിസരത്ത് അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പോലീസ് സ്‌റേറഷനിലെത്തിയിരുന്നു. തുടര്‍ന്ന് സംഭവം നടന്ന സ്ഥലത്തെ സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സമാനമായ പരാതികള്‍ ഒട്ടേറെ ലഭിച്ച സാഹചര്യത്തില്‍ അതത് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാല പൊട്ടിക്കുന്നതല്ലെന്ന് വ്യക്തമായത്.
മഞ്ഞ ബാഗും കറുത്ത ഹെല്‍മറ്റും ധരിച്ചയാളാണ് എല്ലാ ദൃശ്യത്തിലും ഉപദ്രവിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് എസ്‌ഐ എം.ജെ ജിജോയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം താന്‍ ഒട്ടേറെ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. മാല പൊട്ടിക്കലിന് സമാനമായ മാതൃകയിലുള്ള മറ്റ് കേസുകളും പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
