കോഴിക്കോട് : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ ലഹരി മരുന്നുകള്‍ എത്തിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഫസലു ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പതിനഞ്ച് ഗ്രാം കൊക്കെയ്ന്‍, 54 എല്‍.എസ്.ഡി ഷീറ്റുകള്‍, 30 ഗ്രാം ഹാഷിഷ് എന്നിവ പിടികൂടി. ആന്‍റി ഗുണ്ടാ സ്ക്വാഡും കസബ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്ത് നിന്നാണ് ഫസലു അറസ്റ്റിലായത്. ഗോവയിലെ അര്‍ജുനയില്‍ നിന്നാണ് ഇയാള്‍ ലഹരി മരുന്നുകള്‍ എത്തിച്ചത്. എട്ട് ലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരി മരുന്നുകള്‍. 

കുന്ദമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പെരിങ്ങളത്ത് നിന്ന് 275 ഗ്രാം ഹാഷിഷുമായി രണ്ട് പേര്‍ അറസ്റ്റിലായി. മൂന്ന് ലക്ഷം രൂപ വരെ വിലവരുന്നതാണിത്. തൃശൂര്‍ ചേലക്കര സ്വദേശി സുഹൈല്‍, തൃശൂര്‍ ചിയ്യാരം സ്വദേശി ഷാമില്‍ എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നവരാണിവരെന്ന് കുന്ദമംഗലം എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥ് നേരം ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പിടിയിലായ ഷാമില്‍ നേരത്തേയും ലഹരിമരുന്ന് കേസില്‍ പ്രതിയാണ്. കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിച്ച് ഇയാള്‍ പുറത്തിറങ്ങിയിട്ട് അധികനാള്‍ ആയില്ല.

അതേസമയം ജനുവരി അഞ്ച് വരെ എക്സൈസിന്‍റെ പ്രത്യേക പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ലഹരി മരുന്നുകള‍് വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ഇവിടങ്ങളിലേക്കും വ്യാപിപിച്ചിട്ടുണ്ട്.