തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രഭാകറിന്‍റെ ഭാര്യ തോറ്റു. തെരഞ്ഞെടുപ്പില്‍ ജയിച്ചതുമില്ല, പണം നഷ്ടമാകുകയും ചെയ്തുവെന്ന് അവസ്ഥിലായി പ്രഭാകര്‍. ഇതോടെ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യവുമായാണ് പ്രഭാകര്‍ വോട്ടര്‍മാരെ സമീപിച്ചത്
ഹെെദരാബാദ്: പണം വാങ്ങി വോട്ട് പിടിക്കുന്ന രീതി രാജ്യത്തെ പല തെരഞ്ഞെടുപ്പുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമാണെങ്കിലും ഏത് തെരഞ്ഞെടുപ്പ് നടന്നാലും ഇങ്ങനെ കുറെ സംഭവങ്ങള്‍ നടക്കുകയും ചെയ്യും. ഇങ്ങനെ തെലങ്കാനയില്‍ ഭാര്യ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത ഭര്‍ത്താവാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
തെലങ്കാനയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സംഭവം. പ്രഭാകര്‍ എന്നയാളുടെ ഭാര്യ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഭാര്യയെ വിജയിപ്പിക്കുന്നതിനായി പ്രഭാകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രഭാകറിന്‍റെ ഭാര്യ തോറ്റു.
തെരഞ്ഞെടുപ്പില്‍ ജയിച്ചതുമില്ല, പണം നഷ്ടമാകുകയും ചെയ്തുവെന്ന് അവസ്ഥിലായി പ്രഭാകര്‍. ഇതോടെ നല്‍കിയ പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് പ്രഭാകര്‍ വോട്ടര്‍മാരെ സമീപിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
സൂര്യാപേട്ട് ജില്ലയിലെ ജാജിറെഡ്ഢിഗുഡം വില്ലേജിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ അധികൃതര്‍ വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ഡിഒ പിടിഐയോട് പറഞ്ഞു. രണ്ട് ഘട്ടമായി നടന്ന തെലങ്കാന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്.
