ദില്ലി: നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ച് 47കാരിയായ സ്ത്രീയുടെ കമ്മല്‍ കവരുന്നതിനിടെ ചെവി മുറിഞ്ഞു. ഇതൊക്കെ കണ്ടിട്ടും നിരത്തിലുണ്ടായിരുന്നവരാരും ഇവരുടെ രക്ഷക്കെത്തിയില്ല. പകരം ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുത്രിയില്‍ പോവണമെന്നും നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ആശുത്രിയിലേക്ക് ഒറ്റക്ക് തന്നെ പോയ വന്ദന ശിവയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു.
ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശിവ . അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സ് തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
