ആലപ്പുഴ: പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിലേക്കുള്ള വഴിയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി സ്ഥലം കൈയേറിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഗൃഹനാഥനെ വീട്ടില്‍ കയറി അക്രമിച്ചു. വെണ്‍മണി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോടുകുളഞ്ഞിക്കരോട് അരീക്കുഴി മേലത്തേതില്‍ കെ.വര്‍ഗീസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന്റെ ഒത്താശയോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍ പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ 200 ഓളം വരുന്ന സംഘം കഴിഞ്ഞ 31ന് രാത്രിയോടെ അതിക്രമിച്ച് കടന്ന് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള വസ്തു 41 മീറ്റര്‍നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലും കൈയേറി നിലവിലുണ്ടായിരുന്ന വഴിയോട് ചേര്‍ക്കുകയുമായിരുന്നു. ജെസിബി ഉപയോഗിച്ചായിരുന്നു വസ്തു കൈയേറിയത്.
സ്ഥലത്തുണ്ടായിരുന്ന തെങ്ങ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ സംഘം നശിപ്പിച്ചു. വര്‍ഗീസിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയശേഷമായിരുന്നു സംഘാംഗങ്ങള്‍ കൈയ്യേറ്റം നടത്തിയത്. സംഭവം സംബന്ധിച്ച് വെണ്‍മണി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ലന്ന് വര്‍ഗീസ് പറഞ്ഞു.
പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതിന് സമീപത്തുള്ള തന്റെ വസ്തുവിലേക്കുള്ള വഴി സംബന്ധിച്ച് സൊസൈറ്റി പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുകയും ഇത് സംബന്ധിച്ച് പരാതി നല്‍കിയതിന്റെ വിരോധത്താലാണ് വസ്തു കൈയേറി വഴി വീതി കൂട്ടിയതെന്നും വര്‍ഗീസ് പറഞ്ഞു. വിമുക്തഭടനായ തന്റെ വീടിന് മുന്‍വശത്ത് വീതിയുള്ള വഴി ഉള്ളതാണെന്നും പാലിയേറ്റീവ് കെയറിലേക്കുള്ള ആവശ്യത്തിന് ആ വഴിതന്നെയാണ് മുന്‍പ് ഉപയോഗിച്ചരുതെന്നും വര്‍ഗീസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സജിചെറിയാന്റെ നേതൃത്വത്തിലുള്ളതാണ് പാലിയേറ്റിവ് കെയര്‍.
