ആലുവ താലൂക്ക് സിവിൽ സപ്ലെ ഓഫീസിൽ ആത്മഹത്യാ ശ്രമം നടത്തിയ എടത്തല സ്വദേശി അബ്ദുൽ അസീസിന് (81) ബിപിഎൽ ആനുകൂല്യം നൽകാൻ തീരുമാനം. ഒന്നരവര്‍ഷം സിവില്‍ സപ്ലൈസ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആലുവ: റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ മനംമടുത്ത് ആലുവ സപ്ലൈ ഓഫീസിനകത്തുവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇടത്തല സ്വദേശി അബ്ദുല്‍ അസീസിന് ബിപിഎല്‍ കാർഡ് നല്‍കാന്‍ തീരുമാനമായി. ഫയലുകള്‍ തീർപ്പാക്കുന്നതില്‍ അനാസ്ഥകാണിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതി മണിക്കൂറുകള്‍ക്കകമാണ് നടപടി.
അബ്ദുൾ അസീസിന്‍റെ ആത്മഹത്യാശ്രമത്തോടെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ വൻ പ്രതിഷേധം ഉയർന്നുവന്നത്. ഓരോ ഫയലും ഓരോ ജിവിതമാണെന്ന് വീണ്ടും ഓർമിപ്പിച്ച മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ഇത് ഉള്‍ക്കൊള്ളാനാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഈ പശ്ചാത്തലത്തിലാണ് അസീസിന് ബിപിഎല്‍ ആനുകൂല്യം അനുവദിച്ചുള്ള സർക്കാരിന്‍റെ നടപടി. അടുത്തമാസം മുതല്‍ ബിപിഎൽ കാർഡിലെ ആനുകൂല്യങ്ങൾ അസീസിന് ഉറപ്പാക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി സ്ഥലം എംഎല്‍എയെ അറിയിച്ചു.
അതേസമയം അസീസിന്‍റെ അപേക്ഷ തീർപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചോയെന്നും സർക്കാർ പരിശോധിക്കുന്നുണ്ട്. സംഭവത്തെകുറിച്ച് കഴിഞ്ഞ ദിവസം തന്നെ ജില്ലാ സപ്ലൈ ഓഫീസർ വിശദമായി റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. അനാസ്ഥ കാണിച്ചെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
