കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ പത്തൊമ്പതുകാരനെ പൊലീസ്
തല്ലിച്ചതച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മംഗലപുരം പൊലീസിനെതിരെയാണ് പരാതി.
മംഗലപുരം സ്വദേശിയായ യുവതിയുമായി മുഹമ്മദ് ഹബീബ് അടുപ്പത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം രണ്ടാം തീയതി ഇയാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ശേഷം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ഇയാള്‍ പറയുന്നത്.
എട്ട് ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് കൊല്ലത്തെ ആശുപത്രിയിലെത്തിച്ചത്.
മുഹമ്മദ് ഹബീബിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസതടസവും ഉണ്ട്. എന്നാല്‍ മംഗലാപുരം പൊലീസ് ഈ യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ് ഐ യഹിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
