മൂര്‍ഖന്‍ പാമ്പിന്‍റെ വായ തുന്നിക്കെട്ടാന്‍ ശ്രമിച്ച ഓട്ടോക്കാരന് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ബോലാനാഥാണ് മരിച്ചത്. പാമ്പ് പിടിത്തത്തില്‍ വിദഗ്ധനായ ബോലനാഥ് പാമ്പിനെ പിടികൂടിയ ശേഷം വായ തുന്നിക്കെട്ടാന്‍ ശ്രമിച്ചു. വഴുതിമാറിയ പാമ്പ് ഇയാളുടെ കൈയില്‍ കടിച്ചു. പാമ്പിനെ വീണ്ടും പിടിച്ച് വായ തുന്നിക്കെട്ടി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും ബോലാനാഥ് അതിന് തയ്യാറായില്ല. തനിക്ക് വിഷബാധയേല്‍ക്കില്ലെന്നായിരുന്നു വാദം.

അല്‍പസമയത്തിനകം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാമ്പിനെ അനായാസം പിടിച്ച ബോലാനാഥ് അതിസാഹസത്തിന് മുതിര്‍ന്നതാണ് അപകടമുണ്ടാക്കിയത്. ബോലാനാഥ് മരിച്ച വിവരമറിഞ്ഞ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. ബോലാനാഥിന്‍റെ ശവസംസ്കാരം നടക്കുന്നതിന് സമീപം പാമ്പിന്‍റെ ജഢവും നാട്ടുകാര്‍ കത്തിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.