ദില്ലി: യുവാവി കൊലപ്പെടുത്തി ശരീരാവശിഷ്‌ടങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. തെക്കന്‍ ദില്ലിയിലെ സൈദുലജബിലാണ് സംഭവം. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വിപിന്റെ സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് കഷണങ്ങളാക്കിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് പരാതി പൊലീസില്‍ നല്‍കിയിരുന്നു. പൊലീസും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരുകയായിരുന്നു. അതിനിടയിലാണ് ഇന്നലെ വൈകുന്നേരം അടഞ്ഞുകിടന്ന ബാദലിന്റെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ബാദല്‍ ഒളിവിലാണ്. ഇയാളായിരിക്കാം കൊലനടത്തിയതെന്നാണ് പൊലീസ് നിഗമനം. പൊലീസ് ബാദലിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.