ബെയ്റൂട്ട് : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലടിക്കുന്ന വാര്‍ത്തകള്‍ ദിവസേന കാണുന്നതാണ്. എന്നാല്‍ പ്രതികാരം ചെയ്യാനാണെങ്കില്‍ കൂടിയും ഇങ്ങനെയൊന്നും ആരോടും ചെയ്യരുതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഈ സഹോദരനോട് അപേക്ഷിക്കുന്നത്. പിതാവിന്റെ മരണശേഷം ആണ്‍മക്കള്‍ക്ക് നല്‍കിയ സ്വത്തിനെചൊല്ലിയുള്ള പ്രതികാരമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ലബനോനിലെ ബെയ്റൂട്ടിലാണ് സ്വത്ത് തര്‍ക്കം വിചിത്രമായ പ്രതികാരത്തില്‍ അവസാനിച്ചത്. പിതാവിന്റെ മരണശേഷം സഹോദരന് മെഡിറ്ററേനിയന്‍ കടലിന് അഭിമുഖമായി ലഭിച്ച സ്ഥലത്തിന് മുന്നിലാണ് സഹോദരന്റെ വൈരാഗ്യത്തിന്റെ പ്രതീകം ഉയര്‍ന്നത്. ബെയ്റൂട്ടിലെ തന്നെ ഏറ്റവും മെലിഞ്ഞ കെട്ടിടമാണ് ഈ അനുജന്‍ സഹോദരന്റെ സ്ഥലത്തിന് മുന്നില്‍ നിര്‍മിച്ചത്. പ്രത്യേകിച്ച് ഉപകാരമെന്നും ഇല്ലെങ്കിലും ജേഷ്ഠന്റെ വീട്ടില്‍ നിന്ന് കടലിന്റെ മനോഹര ദൃശ്യം ഒരു തരത്തിലും കാണാന്‍ പറ്റാത്ത തരത്തിലാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സഹോദരന് കിട്ടിയ പിതൃസ്വത്തിന്റെ വിലയിടിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്നാണ് അനിയന്റെ അഭിപ്രായം. 120 സ്വകയര്‍ മീറ്ററിലാണ് 60 സെന്റി മീറ്റര്‍ മാത്രം വീതിയുള്ള ഈ കെട്ടിടം നിലനില്‍ക്കുന്നത്. 

Scroll to load tweet…

പ്രതികാരത്തിന് നിര്‍മിച്ച കെട്ടിടത്തിന് നല്‍കിയ പേരും പ്രതികാരമെന്ന് തന്നെയാണ്. ലബനോനില്‍ നിയമം അനുസരിച്ച് നിയമ സാധുതയുള്ള സ്ഥലത്താണ് കെട്ടിടം നില്‍ക്കുന്നത് എന്നതിനാല്‍ ഉപയോഗ ശൂന്യമായ കെട്ടിടമെന്ന നിലയില്‍ പൊളിച്ച് കളയാനും സാധിക്കില്ല. ഈ വിചിത്ര പ്രതികാരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതിന് മറുപടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാന രീതിയിലുളള നിര്‍മിതികള്‍ പങ്ക് വക്കപ്പെടുന്നുണ്ട് .