ചെന്നൈ: പെണ്ണു കെട്ടിച്ചു കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് അമ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊന്നു. ചെന്നൈ അരുമ്പാക്കത്താണ് സംഭവം. 40 വയസ്സുകാരനായ അമര്‍നാഥ് പ്രസാദ് ആണ് അറുപതുകാരിയായ അമ്മ ശശികലയെ അരുംകൊല ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് പെണ്ണേേന്വഷിക്കാനോ കല്യാണം കഴിപ്പിക്കാനോ അമ്മ ഒന്നും ചെയ്തില്ല എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

കാലിന് സുഖമില്ലാതെ കിടപ്പിലാണ് ഇയാളുടെ അമ്മ. പതിവായി മദ്യപിച്ച് വൈകി വീട്ടില്‍ എത്തുന്ന ഇയാള്‍ അമ്മയുമായി വഴക്കുണ്ടാക്കാറുള്ളതായി പൊലീസ് പറഞ്ഞു. ശശികലയുടെ മൂത്ത മകന്‍ അഞ്ചു വര്‍ഷം മുമ്പാണ് മരിച്ചത്. ഇളയ മകന്‍ കുടുംബത്തോടൊപ്പം നഗരത്തിലാണ് താമസം. പ്രസാദും അമ്മയും അവിവാഹിതയായ അമ്മയുടെ അനുജത്തിയുമാണ് ഇവിടെ താമസം. 

കഴിഞ്ഞ ദിവസം പ്രസാദും അമ്മയുമായി വഴക്കുണ്ടാക്കിയതായി അയല്‍വാസികള്‍ പറഞ്ഞു. അര്‍ദ്ധരാത്രി അമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ചെന്നപ്പോള്‍ കസേരയില്‍ കെട്ടിയിട്ട നിലയില്‍ പൊള്ളലേറ്റ് ഇരിക്കുകകയായിരുന്നു അമ്മ. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.