ഇടുക്കി: തൊടുപുഴയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കുളങ്ങാട്ടുപാറ സ്വദേശി രതീഷാണ് ആത്മഹത്യ ചെയ്തത്. തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ രതീഷിനെ മര്‍ദ്ദിച്ചിരുന്നെന്ന് രതീഷിന്റെ അമ്മയും സഹോദരിയും പറഞ്ഞു. മൃതദേഹം മാറ്റാനെത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. 

ഇന്നലെ വൈകീട്ട് വീടിന്റെ അടുക്കളയിലാണ് രതീഷ് തൂങ്ങി മരിച്ചത്. അഞ്ച് ദിവം മുമ്പാണ് രതീഷിനെ പോലീസ് വിട്ടയച്ചത്. കേസിനാസ്പദമായ വിഷയം മനോവിഷമം ഉണ്ടാക്കിയതായി അമ്മയും സഹോദരിയും ആരോപിച്ചു. 

കുമാരമംഗലം സ്വദേശിയുമായ പെണ്‍കുട്ടിയുമായി രതീഷ് കഴിഞ്ഞ ദിവസം നാട് വിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അടിമാലിയില്‍നിന്ന് ഇരുവരെയും തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ വച്ച് രതീഷിനെ സിഐ എംജി ശ്രീമോന്‍ മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

ഇന്നലെ വൈകീട്ടോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. കളക്ടറോ ആര്‍ഡിയോയോ എത്തണമെന്നതായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് ഇന്ന് തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.