പാലക്കാട്: പണം ലഭിച്ചശേഷം എടിഎം മെഷീനിന്‍റെ കാഷ് വിഡ്രോ വിന്‍ഡോ അടയാത്തതിനെത്തുടര്‍ന്ന് മൂത്രമൊഴിച്ച് രോഷം തീര്‍ത്ത യുവാവ് പിടിയില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒലവക്കോട് ഗായത്രി ഓഡിറ്റോറിയത്തിന് മുന്നിലെ എടിഎം യന്ത്രമാണ് പാലക്കാട് കരിങ്കരപ്പുളളി സ്വദേശി ദിനു(19) ഉപയോഗശൂന്യമാക്കിയത്.

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് സംഭവം. യന്ത്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂത്രമൊഴിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനു പിടിയിലായത്. 

ബാങ്ക് മാനേജര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയാണ് കേസ്. പിടിയിലായ ദിനുവിനെ കോടതിയില്‍ ഹാജരാക്കി.