ഭര്‍ത്താവിനെ വിളിച്ചുവരുത്തി കോടതി വിചാരണ ചെയ്പ്പോള്‍ വിവാഹവും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി

അല്‍ഐന്‍: മകന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവിനെതിരെ യുവതി കോടതിയെ സമീപീച്ചു. ഭര്‍ത്താവിനെ വിളിച്ചുവരുത്തി കോടതി വിചാരണ ചെയ്പ്പോള്‍ വിവാഹവും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതിനെക്കുറിച്ച് കോടതി വിശദമായി ചോദിച്ചപ്പോള്‍ ചുരുളഴിഞ്ഞത് മറ്റൊരു രഹസ്യം.

സ്വദേശിയായ യുവാവിന്റെ രണ്ടാം ഭാര്യയാണ് അല്‍ ഐന്‍ കോടതിയെ സമീപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന് പുറത്തറിയുമെന്ന് ഭയന്നാണ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. തന്റെ ആദ്യഭാര്യ അറിയുന്നതായിരുന്നു ഇയാളുടെ പേടി. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. രണ്ടാം വിവാഹത്തെക്കുറിച്ചും ആദ്യ ഭാര്യയെ അറിയിച്ചിരുന്നില്ല. 

രണ്ട് ഭാര്യമാര്‍ക്കും വേണ്ടി പ്രത്യേകം വീടുകള്‍ തയ്യാറാക്കിയിരുന്നു. വിവാഹമൂല്യം നല്‍കി, നാല് സാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടത്തിയത്. വധുവിന്റെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹം ഔദ്ദ്യോഗികമായി രജിസ്റ്റര്‍ ചെയ്തില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് ജനിച്ചപ്പോള്‍ ജനനവും രജിസ്റ്റര്‍ ചെയ്യാന്‍ ഇയാള്‍ തയ്യാറായില്ല. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയില്ലെന്ന് ഭാര്യ കോടതിയെ അറിയിച്ചു. സ്വന്തം നിലയ്ക്ക് ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അച്ഛന്റെ പേര് രേഖപ്പെടുത്താത്തനാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെയാണ് കോടതിയെ സമീപിച്ചത്. 

സാക്ഷികള്‍ അടക്കം ഇസ്ലാമിക നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ വിവാഹം സാധുവാണെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവരും വിവാഹത്തില്‍ പങ്കെടുത്ത കാര്യം സമ്മതിച്ചു. ആദ്യ ഭാര്യയെ പേടിച്ച് മാത്രമാണ് വിവാഹവും കുഞ്ഞിന്റെ ജനനവും രജിസ്റ്റര്‍ ചെയ്യാത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.