ഉത്തര്‍പ്രദേശിലെ രാജാജി പുരത്താണ് സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഷൈലേഷ് കുമാര്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ ഭാര്യയുമായി വഴക്കിട്ട ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷൈലേഷ് ഏറെ നേരം കഴിഞ്ഞു പുറത്തിറങ്ങാതെ വന്നപ്പോഴാണ് വാതില്‍ പൊളിച്ച് വീട്ടുകാര്‍ അകത്ത് കടന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മുറിയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെടുന്ന കത്തില്‍, തന്റെ കുടുംബത്തെ സഹായിക്കണമെന്നാണ് അഖിലേഷ് യാദവിനോടും മുലായം സിങ് യാദവിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി പറയുന്ന അച്ഛാ ദിന്‍ ശരിക്കും വരുമോയെന്നറിയാന്‍ താന്‍ ഉണ്ടാവില്ലെന്നാണ് മോദിയോട് പറഞ്ഞിട്ടുള്ളത്. തന്റെ ചെയ്തികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുടുംബത്തെ ഇതിന്റെ പേരില്‍ ദ്രോഹിക്കരുതെന്നും അദ്ദേഹം പറയുന്നു.

ഒരു പാല്‍ സംസ്കരണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷൈലേഷ് അവിടുത്തെ ജോലി നഷ്ടപ്പെട്ട ശേഷം മറ്റൊരു ജോലിക്കായി ഏറെ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.