പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കോടതി ജീവനക്കാരൻ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ . കടമ്പഴിപ്പുറം സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്. ഒറ്റപ്പാലത്തെ മോട്ടോർ ആക്സിഡന്‍റ് ക്രൈം ട്രിബ്യൂണലിലെ പ്രൊസസ് സെർവർ ആയിരുന്നു കൃഷ്ണൻ കുട്ടി. രാത്രി ഡ്യൂട്ടി കൂടി ചോദിച്ചു വാങ്ങിയ ഇദ്ദേഹം രാത്രിയിൽ ഓഫീസിൽ തന്നെയായിരുന്നു.

രാവിലെ 6.45 ന് മൊബൈൽ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് മരണമെന്നാണ് പോലീസ് നിഗമനം. രാവിലെ ഓഫീസ് വാതിൽ തുറക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരണവിവരം അറിയുന്നത്. കോടതിയിലെ പഴയ ലോക്കപ്പ് മുറിയിൽ കമ്പിയിൽ കെട്ടിയ തുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കണ്ണിന്റെ കാഴ്ചത്തകരാറുമായി ബന്ധപ്പെട്ട് കൃഷ്ണൻ കുട്ടി മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒറ്റപ്പാലം സബ്കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.