ഒരു പേരിലെന്തിരിക്കുന്നു കാര്യമെന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ പഞ്ചാബിലെ ഗുര്‍മീതിനെ പരിചയപ്പെട്ടാല്‍ ഒരു പേരില്‍ പലതുമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. പരസ്പര സ്നേഹവും, വിശ്വാസവും, സാഹോദര്യവും ഒരു പേരില്‍ എങ്ങനെ ചേര്‍ത്തുവെക്കാന്‍ കഴിയുമെന്ന് ഗുര്‍മീത് ലോകത്തിന് മുമ്പില്‍ കാണിച്ച് തരികയാണ്.
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 70 കിലോമീറ്റര്‍ അകലെയാണ് ഗുര്‍മീതിന്‍റെ വീട്. അതിര്‍ത്തി എപ്പോഴും ഭീതിയുടെ നിഴലിലാണ്. വെടിയൊച്ചകളുടെ, നിലവിളികളുടെ, ഭീതിയുടെ അന്തരീക്ഷം മാത്രം. എന്നാല്‍ ഭരണകൂട ഭീകരതകള്‍ക്കപ്പുറം ഈ രണ്ട് നാട്ടിലെ ജനതകള്‍ തമ്മില്‍ ഒരു തരത്തിലുള്ള വിരോധവുമില്ലായെന്ന് വ്യക്തമാക്കുകയാണ് ഗുര്‍മീത്. ഇതിനായ് മൂത്ത കുട്ടിക്ക് ഭാരത് എന്നും രണ്ടാമത്തെ കുട്ടിക്ക് പാകിസ്ഥാന്‍ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്
പാകിസ്ഥാനിലെയും ഇന്ത്യയിലെയും ചെറുപ്പക്കാര്‍ ഇതിനു മുമ്പും സമാനമായ നിലപാടുകള്‍ തങ്ങളുടെ പ്രവൃത്തിയിലൂടെ വ്യക്തമാക്കിയിരുന്നു. എറ്റവും ഒടുവിലായ് ഗുര്‍മീത് എന്ന ആശാരിയും അയല്‍ രാജ്യങ്ങള്‍ തമ്മിലുണ്ടാകേണ്ട പരസ്പരം സ്നേഹത്തെക്കുറിച്ച് ഒരു പേരിടല്‍ ചടങ്ങിലൂടെ പറയുന്നു. തന്‍റെ 11 വയസ്സ് കാരനായ മൂത്ത കുട്ടിക്ക് ഭാരത് എന്നും 10 വയസ്സ് കാരനായ രണ്ടാമത്തെ കുട്ടിക്ക് പാകിസ്ഥാന്‍ എന്നുമാണ് ഇദ്ദേഹം പേരിട്ടിരിക്കുന്നത്. ഭാരത് തന്‍റെ അനിയനെ പാകിസ്ഥാന്‍ എന്ന് വിളിക്കുമ്പോള്‍ സന്തോഷിക്കുന്നത് ഗുര്‍മീത് ആണ്.
പാകിസ്ഥാന്‍ എന്ന പേരില്‍ ആദ്യം കല്ല് കടിച്ചത് സ്കൂള്‍ അധികൃതര്‍ക്കാണ്. സ്കൂള്‍ രേഖകളില്‍ പാകിസ്ഥാന്‍ എന്ന പേര് കുട്ടിക്ക് ഇടാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഗുര്‍മീതിന് അധികാരികളെ അനുസരിക്കേണ്ടി വന്നു. ഔദ്യോഗിക രേഖകളില്‍ മകന്‍റെ പേര് കരണ്‍ദീപ് എന്നാക്കിയെങ്കിലും വീട്ടില്‍ അവന്‍ എല്ലാവര്‍ക്കും അച്ഛന്‍റെ പ്രിയപ്പെട്ട പാകിസ്ഥാനാണ്.
ഗുര്‍മീതിന്‍റെ കടയുടെ പേരെന്താണ് എന്നും കൂടി അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഭാരത് പാകിസ്ഥാന്‍ വുഡ്ഡ് വര്‍ക്കര്‍ എന്നാണ് ഗുര്‍മീത് കടയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് ശേഷമാണ് ഗുര്‍മീത് ജനിക്കുന്നത്. എന്നാല്‍ 1984 ല്‍ പഞ്ചാബില്‍ നടന്ന സിഖ് കൂട്ടക്കൊല ഒരു വേദനയായ് ഗുര്‍മീതിന്‍റെ മനസ്സില്‍ ഇന്നുമുണ്ട്. ആ വേദനയാണ് ഗുര്‍മീതിന് സ്നേഹത്തിന്‍റെ വില മനസ്സിലാക്കി കൊടുക്കുന്നത്.
