ഹൈദരാബാദിലെ ജവഹര്‍ലാല്‍ നെഹ്‍റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഇന്നലെയായിരുന്നു വിചിത്രമായ സംഭവം അരങ്ങേറിയത്. മെട്രോ റെയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ മുകേഷ് എന്ന രാജസ്ഥാന്‍ സ്വദേശിയാണ് അടിച്ച് ഫിറ്റായി മൃഗശാലയിലെത്തിയത്. സിംഹത്തിന് കൈകൊടുക്കണമെന്ന് പറഞ്‍് ഇയാള്‍ കൂട്ടിലേക്ക് ചാടാനൊരുങ്ങിയപ്പോള്‍ ജീവനക്കാര്‍ തടഞ്ഞെങ്കിലും പിന്നീട് അവരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടുകയായിരുന്നെന്ന് മൃഗശാല ക്യൂറേറ്റര്‍ ശിവാനി ഡോഗ്റ പറഞ്ഞു.

രാധിക എന്ന പെണ്‍സിംഹമാണ് കൂട്ടിലുണ്ടായിരുന്നത്. മുകേഷ്നെ ആക്രമിക്കാന്‍ സിംഹം ഓടിയടുക്കുന്നത് കണ്ട് മറ്റ് സന്ദര്‍ശകര്‍ ബഹളം വെച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന കാവല്‍ക്കാരന്‍ ആര്‍ പപ്പയ്യ തന്ത്രപൂര്‍വ്വം സിംഹത്തിന്റെ ശ്രദ്ധ മാറ്റി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബഹദൂര്‍പുര പൊലീസിന് കൈമാറിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അതിക്രമിച്ചു കടക്കലിനുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് ഇന്‍സ്‍പെക്ടര്‍ ഹര്‍ഷിക് കൗഷിക് പറഞ്ഞു.