കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ദുരൂഹ സാഹചര്യത്തിൽ വൃദ്ധൻ വെട്ടേറ്റ് മരിച്ചു. കുറ്റ്യാടി സ്വദേശിയായ അറുപതുകാരനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടിന് സമീപം വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റ്യാടി മുണ്ടക്കുറ്റിയിൽ അറുപതുകാരനായ പാറേമ്മൽ മോഹനനെയാണ് രാത്രി പന്ത്രണ്ട് മണിയോടെ വീടിനോടടുത്ത പറമ്പിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മോഹനനെ നാട്ടുകാർ ഉടന തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെട്ടേറ്റ നിലയിൽ കണ്ടെത്തുമ്പോൾ മോഹനന്‍റെ ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മരണം സംബന്ധിച്ച് തൊട്ടിൽപ്പാലം പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.