ബീജിംഗ്: ഭാര്യയും കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകീറിക്കൊന്നു. കിഴക്കന്‍ ചൈനയിലാണ് ദാരുണസംഭവം. നിങ്‌ബോയിലെ യൂംഗര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ യുവാവ് യാദൃശ്ചികമായി കടുവകളുടെ മുന്നിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവകളില്‍ ഒന്ന് യുവാവിനെ മരങ്ങള്‍ക്കിടയിലൂടെ വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മൂന്നോളം കടുവകള്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ വലിയ കടുവകളിലൊന്ന് യുവാവിനെ കടിച്ചുകീറുന്നത് ദൃശ്യങ്ങളിലുണ്ട്.

യുവാവ് കടുവകള്‍ക്ക് മുന്നില്‍ അകപ്പെട്ടപ്പോള്‍ത്തന്നെ ആളുകള്‍ അപകട സൈറണ്‍ മുഴക്കി ബഹളംവച്ച് ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് പടക്കങ്ങളും ജലപീരങ്കിയുമുപയോഗിച്ച് കടുവകളെ അകറ്റിയ ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. രക്ഷാ ശ്രമത്തിനിടെ കടുവകളിലൊന്നിനെ വെടിവച്ചുകൊന്നു. അപ്പോഴേക്കും ഒരു മണിക്കൂറോളമെടുത്തുവെന്നും യുവാവിന്റെ ദേഹമാസകലം രക്തം കൊണ്ട് നിറഞ്ഞിരുന്നുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് എങ്ങിനെയാണ് കടുവകളുടെ മുന്നിലകപ്പെട്ടത് എന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് മൃഗശാല അടച്ചിട്ടു.

ചൈനയിലെ മൃഗശാലകളില്‍ ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം ബീജിംഗിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ ഒരു വയോധികയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. സംഭവത്തില്‍ ഇവരുടെ മകള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൃഗശാല ജീവനക്കാര്‍ക്കും സമാനസംഭവങ്ങളില്‍ പരിക്കേല്‍ക്കുന്ന വാര്‍ത്തകള്‍ ചൈനയില്‍ പതിവായിരിക്കുകയാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.