കഴിഞ്ഞ കുറച്ച് വർഷങ്ങളായി നന്ദകുമാറും വസന്തപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് യുവതി സമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടും യുവതി തയ്യാറായില്ല. ഇത് നന്ദകുമാറിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. 

ചെന്നൈ∙ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നു. കുംഭകോണത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന വസന്തപ്രിയ (25)യാണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ അടുത്തബന്ധുവായ കടലൂര്‍ സ്വദേശി നന്ദകുമാറിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നന്ദകുമാറും വസന്തപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹത്തിന് യുവതി സമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടും യുവതി തയ്യാറായില്ല. ഇത് നന്ദകുമാറിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച്ച വൈകുന്നേരം സ്കൂളിലെത്തിയ നന്ദകുമാർ സംസാരിക്കണമെന്ന് പറ‍ഞ്ഞ് വസന്തപ്രിയയും കൂട്ടി ഉമാമഹേശ്വരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തി. 

അവിടെവച്ച് വിവാഹത്തിൽനിന്ന് പിൻമാറാൻ നന്ദകുമാർ വസന്തപ്രിയയോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാരെ എതിര്‍ത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന നിലപാടിലായിരുന്നു യുവതി. ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് നന്ദകുമാര്‍ വസന്തപ്രിയയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് തിരുവടൈമരുതൂര്‍ പൊലീസ് പറഞ്ഞു. 

തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരനായ കുമാറിന്‍റെ മകളാണ് വസന്തപ്രിയ.