കണ്ണൂര്‍: മൂന്ന് മാസത്തിനിടെ പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുണ്ടായ രണ്ടാമത്തെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ താണ സ്വദേശി നൗഫലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു.
മുഖത്തും കണ്ണിനും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്‍ നിന്നും ലഭിച്ച തുണികളുടെ മണംപിടിച്ച പോലീസ് നായ റെയില്‍വേ സിഗ്നല്‍ ബോക്സിന്‍റെ സമീപം വരെയെത്തിയിരുന്നു. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന പയ്യന്നൂര്‍ ഹക്കീമിന്‍റെ കൊലപാതകം നടന്നതും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ്.
മൂന്നുമാസം മുന്‍പ് മാതമംഗലം സ്വദേശി ശ്രീധരനെ കൊലപ്പെടുത്തിയ നിലയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് വീണ്ടുമൊരു കൊലപാതകം. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ പാഴ്‌സല്‍ റൂമിന് പുറത്തായി നൗഫലിന്‍റെ മൃതദേഹം സ്റ്റേഷന്‍ മാസ്റ്ററാണ് കണ്ടെത്തി പൊലീസിനെ അറിയിച്ചത്.
