കശാപ്പ് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

ദില്ലി: പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് 45 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പശു കച്ചവടക്കാരനായ ഖ്വാസിമിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില്‍ ആക്രമിക്കപ്പെട്ട 65 കാരനായ സമായ്ദിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദില്ലി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ബജേറ ഖര്‍ഡ് ഗ്രാമത്തിലാണ് ആള്‍ക്കൂട്ട ആക്രമണം നടന്നത്. അഖ്‍ലാക്കിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതിന് 50 കിലോ മീറ്റര്‍ അകലെയാണ് ഈ പ്രദേശം. 

ഖ്വാസിമും സമായ്ദീനും പശുവിനെ കശാപ്പു ചെയ്യുന്നുവെന്ന ആരോപണം പ്രദേശത്ത് ഉയരുകയും ഇത് കേട്ട് ആളുകള്‍ സംഘടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാല്‍ അറിയാത്ത 25 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആക്രമണത്തിനിടെ നിലത്തുവീഴുന്ന ഖ്വാസിമിനെ രക്ഷിക്കാനോ വെള്ളം നല്‍കാനോ ആരും തയ്യാറാകുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. അയല്‍ പ്രദേശത്തുള്ളവരുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ കശാപ്പ് ആരോപിച്ചാണ് ആക്രമിച്ചതെന്ന് ആക്രമിക്കപ്പെട്ട സമായുദീന്‍റെ കുടുംബം മൊഴി നല്‍കിയിട്ടുണ്ട്.