ഏഴ് നില കെട്ടിടത്തില്‍ തന്റെ വീടിന് മുന്നിലെ ടെറസിലായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍

ഷാവോതോങ് സിറ്റി: ഫിറ്റ്നസ് ഭ്രാന്ത് മൂത്ത യുവാവ് ഏഴു നില കെട്ടിടത്തില്‍ സ്വന്തമായി സ്വിമ്മിങ് പൂള്‍ ഉണ്ടാക്കിയതോടെ കെട്ടിടത്തിന്റെ ഫിറ്റ്നസ് പോയി. ഏഴ് നില കെട്ടിടത്തില്‍ തന്റെ വീടിന് മുന്നിലെ ടെറസിലായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍. ചൈനയിലെ ഷാവോതോങ് നഗരത്തിലാണ് സംഭവം. 

ലാന്‍ മോ എന്ന യുവാവാണ് സ്വിമ്മിങ് പൂള്‍ നിര്‍മിച്ചത്. മറ്റാരുടേയും സഹായമില്ലാതെയായിരുന്നു യുവാവ് പൂള്‍ നിര്‍മിച്ചത്. സ്വിമ്മിങ് പൂള്‍ കൂടാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയ കെട്ടിടം പിന്നീടുള്ള പരിശോധനയിലാണ് നിയമാനുസൃതമല്ലാത്ത പൂള്‍ കണ്ടത്. ഒരു മീറ്റര്‍ ആഴവും നാല്‍പതിനായിരം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഉള്ളതായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍. 

കെട്ടിടത്തില്‍ അസാധാരണമായ രീതിയില്‍ പല പ്രശ്നങ്ങള്‍ വന്നതോടെയാണ് വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ആളെത്തിയത്. ഈ പരിശോധനയിലാണ് യുവാവിന്റെ പൂള്‍ ശ്രദ്ധിക്കുന്നത്. യുവാവിന്റെ പൂള്‍ അധികൃതര്‍ തകര്‍ത്തു. ഇതിന് പിറകെ ഇയാള്‍ക്ക് വന്‍തുക പിഴയും ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.