മരിച്ചു പോയ അച്ഛന്റെ വിരലടയാളങ്ങള്‍ തിരികെ വേണം മകന്‍ സുപ്രീം കോടതിയില്‍ അച്ഛന്റെ ബയോമെട്രിക് രേഖകള്‍ തിരികെ നല്‍കാന്‍ മകന്റെ ആവശ്യം

ബെംഗളൂരു: മരിച്ചു പോയ അച്ഛന്റെ വിരലടയാളങ്ങളും മറ്റ് ബയോമെട്രിക് രേഖകളും തിരികെ നല്‍കണമെന്ന ആവശ്യവുമായി മകന്‍ സുപ്രീംകോടതില്‍. തന്റെ അച്ഛന്റെ ബയോമെട്രിക് രേഖകള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു ആവശ്യവുമായി മകന്‍ രംഗത്തെത്തിയത്. അച്ഛന്റെ ബയോമെട്രിക് രേഖകള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി യുഐഡിഎഐയോട് നിര്‍ദേശിക്കണമെന്നാണ് മകന്റെ ആവശ്യം. 

മരിച്ച അച്ഛന്റെ ബയോമെട്രിക് രേഖകള്‍ കൊണ്ട് യുഐഡിഎഐയ്ക്ക് പ്രത്യേക പ്രയോജനമില്ലാത്തിനാല്‍ അവ തിരികെ നല്‍കണമെന്നാണ് ഹര്‍ജി. ബെംഗളൂരുവില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജറായ സന്തോഷാണ് ഹര്‍ജി നല്‍കിയത്. ആധാര്‍ പദ്ധതിയെന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നാണ് സന്തോഷ് സുപ്രീം കോടതിയില്‍ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ വാദിച്ചത്. ഇദ്ദേഹം തന്നെയാണ് കേസ് കോടതിയില്‍ വാദിച്ചതും.

തിമിര ശസ്ത്രക്രിയ നടന്നതിനാലും വയസ്സായതിനാലും വിരലടയാളങ്ങളും മറ്റ് ബയോമെട്രിക് രേഖകളും ലഭിക്കാന്‍ അച്ഛന്‍ ഏറെ പാടുപെട്ടിരുന്നെന്നും സന്തോഷ് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പേരില്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫോം പൂരിപ്പിക്കുന്നതിനിടെ തന്റെ അച്ഛന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ചില്ലറയല്ലെന്നും ഈ പരാതികള്‍ ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് നിരവധി കത്തുകളെഴുതിയിട്ടുണ്ടെന്നും സന്തോഷ് കോടതിയെ അറിയിച്ചു.