ദുബൈ: താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. അല്‍ ഖൗസ് ഇന്‍ഡസ്ട്രിയന്‍ ഏരിയ -2ല്‍ ആയിരുന്നു സംഭവം. ലേബര്‍ ക്യാമ്പില്‍ നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് കുതിച്ചെത്തി പരിക്കേറ്റ 29 വയസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. റാഷിദ് ആശുപത്രിയില്‍ വെച്ച് ഇയാള്‍ പിന്നീട് മരണപ്പെട്ടു.

23 വയസുകാരനായ ഇന്ത്യക്കാരനാണ് സുഹൃത്തിനെ കുത്തിയത്. ക്യാമ്പിലെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവെച്ച് പൊലീസിന് കൈമാറി. കൊലയ്‌ക്ക് ഉപയോഗിച്ച കത്തി ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന ദിവസം രാത്രി 8.30ഓടെ ഇരുവരും വരാന്തയില്‍ നിന്ന് തര്‍ക്കിക്കുന്നത് കണ്ടുവെന്ന് ക്യാമ്പിലെ മാനേജര്‍ പൊലീസിന് മൊഴി നല്‍കി. പിന്നീട് ഇന്ത്യക്കാരന്‍ ചോരപുരണ്ട വസ്‌ത്രങ്ങളുമായി ഓടുന്നത് കണ്ടു. ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചുവെങ്കിലും ഇലക്ട്രിക് വയറില്‍ കുരങ്ങുകയും പിന്നീട് താഴെ വീഴുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. കെട്ടിടത്തില്‍ നിന്ന് വീണപ്പോള്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വരാന്തയില്‍ വെച്ച് ഇരുവരും അടിപിടി കൂടുന്നതിനിടെ ഒരാള്‍ നിലത്ത് വീഴുന്നത് കണ്ടുവെന്നും ഇയാളുടെ നിലവിളി കേട്ടാണ് മറ്റുള്ളവര്‍ ഓടിക്കൂടിയതെന്നും ചില തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. ആര് ഭക്ഷണം ഉണ്ടാക്കുമെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസും അറിയിച്ചു. രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും രണ്ട് മാസം മുന്‍പ് മദ്യപിച്ച ശേഷം തര്‍ക്കിച്ചതിനെ തുടര്‍ന്ന് പിന്നീട് പരസ്‌പരം സംസാരിച്ചിരുന്നില്ല.

സംഭവം നടന്ന ദിവസം ഇരുവരും അടുക്കളയില്‍ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഏറെനേരം വാഗ്വാദവും പിന്നീട് ചെറിയ തോതിലുള്ള കയ്യാങ്കളിയുമായി. ഇതിന് ശേഷം ഇന്ത്യക്കാരന്‍ ബാത്ത് റൂമില്‍ പോയപ്പോള്‍ സുഹൃത്ത് കത്തിയുമായി ചെന്ന് ഇയാളുടെ വിരലില്‍ പരിക്കേല്‍പ്പിച്ചു. ക്ഷുഭിതനായ ഇയാള്‍ കത്തി പിടിച്ചുവാങ്ങി കുത്തിവീഴ്ത്തുകയായിരുന്നു. ദുബൈയിലെ ജോലി രാജിവെച്ച ഇന്ത്യക്കാരന്‍ അന്നത്തെ ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തില്‍ കലാശിച്ചതും.