ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത്. അച്ഛന്‍റെയും മകന്‍റെയും ദുരൂഹമായ തിരോധാനം അന്വേഷിച്ച പൊലീസിന്, ട്രാഫിക് ക്യാമറയില്‍ നിന്ന് ഷെറിന്റെ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ഷാഡോ പൊലീസും ചേര്‍ന്ന്, കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഷെറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഷെറിന്‍ കുറ്റം സമ്മതിച്ചു. അച്ഛന്‍ ജോയ് വി ജോണിനെ വെടിവച്ച് കൊന്നതാണെന്നും, മൃതദേഹം കത്തിച്ചുകളഞ്ഞെന്നും ഷെറിന്‍ പൊലീസിന് മൊഴി നല്‍കി. ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള നാലുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് പമ്പാറ്റില്‍ ഒഴുക്കിയെന്നും ഷെറിന്‍ പൊലീസിനോട് പറഞ്ഞു. 

ജോയ് വി ജോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്, ഷെറിന്റെ പക്കല്‍ നിന്ന് കണ്ടെത്തി. നേരത്തേ ഗോഡൗണില്‍ തെരച്ചില്‍ നടത്തിയ പൊലീസ്, ചുവരുകളില്‍ രക്തക്കറ പുരണ്ടതായും മണ്ണെണ്ണ ഒഴിച്ച് എന്തോ കത്തിച്ചതായും കണ്ടെത്തിയിരുന്നു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി.