കാമുകിയുടെ പിതാവ് ആവശ്യപ്പെട്ടു പ്രണയം തെളിയിക്കാന്‍ യുവാവ് സ്വയം വെടി ഉതിര്‍ത്തു
ഭോപ്പാല്: കാമുകിയുടെ അച്ഛന് പ്രണയം തെളിയിക്കാന് ആത്മഹത്യ ചെയ്യാന് ആവശ്യപ്പെട്ടു. തുടര്ന്ന് തോക്കെടുത്ത് സ്വയം വെടിയുതിര്ത്ത യുവാവ് ആശുപത്രിയില്. മസ്തിഷ്ക മരണം സംഭവിച്ച യുവാവ് ഇപ്പോള് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില് കഴിയുന്നത്. ഭോപ്പാലിലാണ് സംഭവം.
ബിജെപിയുടെ യുവ സംഘടനയായ യുവമോര്ച്ചയില് അംഗമാണ് അതുല് ഖണ്ഡെ. കാമുകിയുടെ പിതാവിന്റെ നിര്ബന്ധപ്രകാരം തന്റെ പ്രണയത്തിലെ ആത്മാര്ത്ഥത തെളിയിക്കാന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇയാള്. രാത്രി 9.30 ഓടെ യുവതിയുടെ വീട്ടിലെത്തിയ ഇയാള് നാടന് തോക്കെടുത്ത് തലയില് വെടിവയ്ക്കുകയായിരുന്നു. കാറില് വീടിന് പുറത്ത് കാത്തിരിക്കുകയായിരുന്ന അതുലിന്റെ അമ്മാവന് ഉടന് തന്നെ ഇയാളെ ആശുപത്രിയില് എത്തിച്ചു.
കാമുകിയുടെ പിതാവ് തന്നോട് ആത്മഹത്യ ചെയ്ത് കാണിക്കാന് വെല്ലുവിളിച്ചതായി അതുല് മരണത്തിന് മണിക്കൂറുകള് മുന്പ് ഫേസ്ബുക്കില് കുറിച്ചിരുന്നു. അതുല് ജീവനോടെ തിരിച്ച് വന്നാല് മകളെ വിവാഹം ചെയ്ത് നല്കാമെന്ന് പിതാവ് വാഗ്ദാനം ചെയ്തിരുന്നു. അല്ലാത്ത പക്ഷം അടുത്ത ജന്മത്തില് ഒന്നിക്കാമെന്നും കുറിപ്പില് ഇയാള് വ്യക്തമാക്കുന്നു.
തന്റെ നടപടിയില് യുവതിയെ കുറ്റപ്പെടുത്തരുതെന്ന് വ്യക്തമാക്കുന്ന പോസ്റ്റില് അതുലിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള നാല്പ്പതിലേറെ ചിത്രങ്ങളും ചേര്ത്തിരുന്നു. യുവതിയെ വിവാഹം ചെയ്ത് നല്കില്ലെന്ന് പിതാവ് അറിയിച്ചതോടെ അതുല് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്ന്ന് യുവതി അതുലിന്റെ ഫോണ് കോളുകള് അവഗണിക്കാന് തുടങ്ങി. പിന്നീട് കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിപ്പോയതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില് അന്വേഷണം ആരംഭിച്ചതായും ആര്ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
