തോക്കില്‍നിന്ന് അബദ്ധ വശാല്‍ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം

ദില്ലി: ദില്ലിയിലെ ഷാലിമാര്‍ ഗഞ്ചില്‍ പബ് ഉടമ വെടിയേറ്റ് മരിച്ചു. ഷാലിമാറിലെ ഓണ്‍ ലോഞ്ച് പബ് ഉടമ നസീറാണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. നസീര്‍ തലയ്ക്ക് സമീപം തോക്ക് പിടിയ്ക്കുന്നതും നിമിഷങ്ങള്‍ക്കകം പുക ഉയരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഇയാളുടെ കയ്യിലിരുന്ന തോക്കില്‍നിന്ന് അബദ്ധ വശാല്‍ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.

ദില്ലിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സ്വയം വെടിയുതിര്‍ത്ത് മരിക്കുന്ന മൂന്നാമത്തെ ആളാണ് നസീര്‍. കഴിഞ്ഞ ദിവസങ്ങളില്‍ തോക്കുമായി നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് മറ്റ് രണ്ട് പേര്‍ മരിച്ചത്. 

ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് പബിലുണ്ടായിരുന്നവര്‍ അബദ്ധവശാല്‍ വെടിയേറ്റതാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.